Wednesday, December 30, 2015

ഗവി

പത്തനംതിട്ടയില്‍നിന്ന് വനത്തിലൂടെ യാത്രചെയ്ത് എത്താവുന്ന സ്ഥലമാണ് ഗവി. 110 കിലോമീറ്റര്‍ യാത്രയുണ്ട് പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേയ്ക്ക്. അതിമനോഹരമായ യാത്രാനുഭവമായിരിക്കും ഗവിയിലൂടെയുള്ളത്. 

കാടിന്റെ ഭംഗി മുഴുവന്‍ നുകര്‍ന്നുകൊണ്ടുള്ള യാത്ര. പത്തനംതിട്ടയില്‍നിന്ന് ഗവിയിലേയ്ക്ക് പോകവേ പ്രകൃതി മാറിതുടങ്ങുന്നത് ളാഹ എസ്റ്റേറ്റ് മുതലാണ്. ഇവിടം മുതല്‍ കാനനഭംഗി തുടങ്ങുന്നു. ആങ്ങമൂഴിയില്‍ ചായ കുടിക്കാനുള്ള സൌകര്യമുണ്ട്. അവിടെനിന്ന് വിട്ടാല്‍പിന്നെ ഗവിക്കു മുമ്പുള്ള കൊച്ചുപറമ്പ് എസ്റ്റേറ്റില്‍ മാത്രമേ ഭക്ഷണം കിട്ടുകയുള്ളൂ.

ഗവിയിലേക്കുള്ള യാത്രയില്‍ കൊച്ചാണ്ടി ചെക്ക്പോസ്റ്റാണ് കാടിന്റെ ആദ്യ വാതില്‍. ഇവിടെ കര്‍ശനപരിശോധനയുണ്ട്. ശബരിഗിരി ജലവൈദ്യൂതപദ്ധതികള്‍ ഇവിടെയാണുള്ളത്. അതുകൊണ്ടുതന്നെ പരിശോധന വളരെ കര്‍ക്കശമാണ്.


 ബൈക്കില്‍ വരുന്ന വിനോദസഞ്ചാരികളെ കൊച്ചാണ്ടി ചെക്ക്പോസ്റ്റിനപ്പുറത്തേക്ക് കടത്തിവിടാറില്ല. ഏത് സമയത്തും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാന്‍ സാധ്യതയുള്ള വനമേഖലയാണിത്. അതുകൊണ്ടാണ് ബൈക്ക് യാത്രികരെ കടത്തിവിടാത്തത്.
ഗവിയില്‍ ട്രക്കിങ്ങിനും മറ്റുമുള്ള സംവിധാനമുണ്ട്. നേരത്തെ ബുക്കുചെയ്യണമെന്നുമാത്രം
ഗവി ഡാം
മൂടല്‍മഞ്ഞിന്റെ ഈ കെട്ടിനകത്ത് ഇരിക്കുന്നത് തന്നെ മനോഹരമാണ്. അതിമനോഹരമായ സ്ഥലമാണ് ഗവിഡാം.
  ഇവിടെ ഇരിക്കുന്നത് ഏതോ യൂറോപ്യാന്‍ രാജ്യത്ത് ഇരിക്കുന്നതുപോലെയെന്ന് പറഞ്ഞത് ഏതോ സഞ്ചാരിയാണ്.
വഴി
പത്തനംതിട്ടയില്‍നിന്ന് ഗവി വഴി കുമളിക്ക് കെ.എസ്.ആര്‍. ടി.സി ബസ്സുണ്ട്. 

രാവിലെ 6.20നും ഉച്ചയ്ക്ക് 12.30 നുമാണ് പത്തനംതിട്ടയില്‍നിന്നുള്ള ബസ്സുകള്‍. 6.20നു് ഉള്ള ബസ്സ് 11.45ഓടെ ഗവിയിലെത്തും.
പത്തനംതിട്ടയില്‍നിന്ന് കുമളിക്കുള്ള ദൂരം 145 കിലോമീറ്റര്‍, ഗവി വരെ 101 കിലോമീറ്റര്‍. കുമളിയില്‍നിന്ന് വെളുപ്പിന് 5.30ന് ആണ് ഗവി വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സ്. രാവിലെ ആറിനു മുമ്പും വൈകുന്നേരം ആറിനുശേഷവും ഗവി വഴി യാത്ര അനുവദിക്കില്ല. കാടിന്റെ ഭംഗി ആസ്വദിക്കാനാണ് യാത്രയെങ്കില്‍ പത്തനംതിട്ടയില്‍നിന്നുള്ള യാത്ര ആയിരിക്കും നല്ലത്.
സൌകര്യങ്ങള്‍
ഇവിടെ ടെലിഫോണ്‍ സൌകര്യമില്ല എന്നതാണ് പ്രധാനപ്പെട്ട പോരായ്മ. ഗവിയിലെ ഫോറസ്റ്റ് മാന്‍ഷനിലാണ് താമസസൌകര്യമുള്ളത്. ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്കിങ്ങിനുള്ള മൊബൈല്‍ നാലിനും അഞ്ചിനും ഇടയില്‍ മാത്രമെ ലഭിക്കൂ. അല്ലെങ്കില്‍ കോട്ടയത്തോ കുമളിയിലോ ഉള്ള ഫോറസ്റ്റ് ഓഫീസുകള്‍ വഴി ബുക്കുചെയ്യണം. താമസം, ഭക്ഷണം, ട്രക്കിങ്, ബോട്ടിങ്, നൈറ്റ് സഫാരി ഇവയെല്ലാം ഉള്‍പ്പെടുന്ന വിവിധ പാക്കേജുകള്‍ ലഭ്യമാണ്.
ഫോറസ്റ്റ് മാന്‍ഷന്‍
ഡേ ടൈം പാക്കേജ് . ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം, ഒരാള്‍ക്ക് 850 രൂപ
ഓവര്‍ നൈറ്റ് പാക്കേജ്
താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം- ഒരാള്‍ക്ക് 1750 രൂപ
ജംഗിള്‍ ക്യാപ്
 ടെന്റില്‍ താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, നൈറ്റ് സഫാരി- ഒരാള്‍ക്ക് 2000 രൂപ
ബുക്കിങ്ങ് നമ്പര്‍. (നാലിനും അഞ്ചിനും ഇടയില്‍). 91 9947492399
ടൂറിസ്റ്റ് റിസപ്ഷന്‍ നമ്പര്‍ കുമളി. 91 4869 223270

No comments: